താങ്ക്യൂ... ടീച്ചർ... 🤩

ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗൂരുർ ദേവോ മഹേശ്വരാ
ഗൂരുർ സാക്ഷാത് പരബ്രഹ്മാ
തസ്മൈ ശ്രീ ഗുരുവേ നമഹ....

ഇന്ന് സെപ്റ്റംബർ 5
   _ദേശീയ അധ്യാപക ദിനം_
കാലങ്ങൾ കഴിഞ്ഞുപോയാലും മനസ്സിൽ മധുരമേറുന്ന ഓർമ്മകൾ തന്ന് ബാക്കിയാവുന്ന അധ്യാപകരെ മറക്കാൻ എന്റെ മനസ്സ് എന്നെ ഇതുവരെയും പ്രാപ്തയാക്കിയിട്ടില്ല. അതിനി എന്റെ കുഴപ്പമാണോ അതോ അവർ തന്ന സ്നേഹത്തിന്റെയും കരുതലിന്റെയും അളവ് കൂടിപോയിട്ടാണോ എന്നൊന്നും എനിക്കറിയില്ല..
 പഠനം, പഠിപ്പ്... എന്നതൊക്കെ എനിക്കങ്ങു എല്ലാവരെപോലെയങ്ങു ഏറ്റില്ല.. അതുകൊണ്ട് തന്നെ LKG, UKG പോയിട്ടില്ല.. അംഗനവാടി പേരിനു മാത്രം കഷ്ടി 2 മാസം പോയി. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്നേഹവും സാമീപ്യവും കൂടുതലായതുകൊണ്ടാവണം എനിക്ക് വീട് വിട്ട് എങ്ങോട്ടും പോകാൻ താല്പര്യമില്ലായിരുന്നു... പക്ഷെ, ഒന്നാം ക്ലാസ്സിൽ ചേർന്ന ദിവസം എനിക്കിന്നും ഓർമയുണ്ട്. ഓർമ്മയിൽ ഇത് പോലെ കരഞ്ഞൊരു ദിവസമുണ്ടാവില്ല.കാലവർഷം കനത്ത് പെയ്തതിനേക്കാളും കണ്ണീര് പൊഴിച്ചൊരു ദിവസം,ആദ്യമായി സ്കൂളിൽ പോയ ദിവസം..  മഴയുടെയാണോ അതോ എന്റെ കണ്ണീരിന്റെയാണോ എന്തോ ഞാൻ മുഴുവൻ നനഞ്ഞാണിരുന്നത്. ക്ലാസ്സിൽ കൊണ്ടാക്കി.ഞാൻ പതിവുപോലെ കരച്ചിൽ ആരംഭിച്ചു. ചേച്ചി അവിടെ 4ആം ക്ലാസ്സിൽ പഠിക്കുന്നുണ്ടല്ലോ എന്ന ഒറ്റ ആശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളു.. അമ്മയെ പോലെ ഒരാൾ വന്നു കൈ പിടിച്ചു എന്നെ ചേർത്തുനിർത്തി, എന്തോ മധുരമുള്ള സാധനം കഴിക്കാനായി തന്നു ;"മോൾ കരയണ്ട ട്ടോ, ടീച്ചര് കൂടെയില്ലേ" ന്ന് ചോദിച്ചതൊക്കെ ഇന്നുമോർക്കുന്നു ... 💗 എന്റെ ക്ലാസ് ടീച്ചർ.. എനിക്ക് ആദ്യാക്ഷരം പകർന്നുതന്ന(അങ്കണവാടിയിൽ നിന്ന് ഞാൻ ഒന്നും തന്നെ പഠിച്ചിട്ടില്ല )എന്റെ ഗുരുനാഥ.എന്റെ കരച്ചിൽ കണ്ടു അന്ധാളിച്ചു നിന്ന മറ്റു കുട്ടികൾക്ക് മുന്നിലേക്ക്‌ എന്നെ പരിചയപ്പെടുത്തികൊടുത്തു.. അങ്ങനെ എന്തൊക്കെയോ ചെയ്തു. ഇത് ഓർക്കുമ്പോഴെല്ലാം മനസ്സിൽ തെളിയുന്നത് അവ്യക്തങ്ങളായ കുറേമുഖങ്ങളും പിന്നെ ഒരിക്കലും മാഞ്ഞുപോകാത്ത രീതിയിൽ നിന്ദുഷടീച്ചറുടെ മുഖവുമാണ്..

പിന്നെപ്പോഴോ ഏതോ ഒരു നിമിഷത്തിൽ വിധിയുടെ വിളയാട്ടം എന്ന് പറയുന്ന രീതിയിൽ ഞാൻ സ്കൂൾ ജീവിതം ആസ്വദിക്കാൻ തുടങ്ങി.. നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ചുകൊണ്ട് കാലം വേഗം കഴിഞ്ഞുപോയി... ശിശുസഹജമായ കളിചിരികൾ അവസാനിച്ചു.. ബാല്യകാലം കടന്നുകൂടി....
  4ആം ക്ലാസ്സിൽ വെച്ച് സ്കൂളിൽ കലോത്സവം നടക്കുകയായിരുന്നു... എന്റെയും സുഹൃത്തുക്കളുടെയും വക ചെറിയൊരു പരിപാടി ഉണ്ടായിരുന്നു.ശരീരത്തിലെ വിവിധ അവയവങ്ങളുടെ ധർമ്മം ഒരു സ്കിറ്റ് പോലെ അവതരിപ്പിക്കണം.ഗതികേടിന് എനിക്ക് ബ്രെയിൻ ആണ് കിട്ടിയത്. മറ്റുള്ളവരെക്കാൾ കൂടുതൽ ഉണ്ടായിരുന്നു. ഒരുപക്ഷേ ഞാൻ മുഴുവൻ പറയും എന്ന വിശ്വാസം എന്നെക്കാൾ ഉപരി എന്റെ ടീച്ചർക്ക് ഉള്ളതുകൊണ്ട് ആയിരിക്കണം എനിക്ക് അത് തന്നത്.എന്നാൽ ടീച്ചറുടെ പ്രതീക്ഷയുടെ തിരിനാളത്തിന് മീതെ വെള്ളം ഒഴിച്ചതുപോലെ സ്റ്റേജിൽ കയറിയ എന്റെ വിയർപ്പ് തുള്ളികൾ ഇറ്റിറ്റായി വീഴാൻ തുടങ്ങി. ടീച്ചർ അടുത്തുനിന്ന് പറഞ്ഞോളൂ.. പറഞ്ഞോളൂ... എന്ന് പറയുന്നുണ്ട്. പക്ഷേ ഒരു വാക്കുപോലും എന്റെ വായിൽ നിന്ന് പുറത്തുവരുന്നില്ല. കുറച്ചുനേരം അവിടെ നിന്നു. അവിടെത്തന്നെ നിന്നുകൊണ്ട് കരഞ്ഞു. അപ്പോഴേക്കും സ്കിറ്റ് overകുളം ആക്കണ്ട എന്ന് കരുതി ബാക്കിയുള്ളവർ അവരുടെ കാര്യങ്ങൾ പറഞ്ഞു പുറത്തിറങ്ങി. ടീച്ചർ ഞങ്ങളെ എല്ലാവരെയും ക്ലാസിലേക്ക് കൊണ്ടുപോയി. അപ്പോഴും ഞാൻ കരഞ്ഞു കൊണ്ടിരിക്കുകയാണ്. എനിക്ക് ഞാൻ ഒന്നും പറയാതിരുന്നതിനേക്കാൾ വിഷമം ടീച്ചർ ബാക്കിയുള്ളവരുടെ മുൻപിൽ നാണംകെട്ടല്ലോ എന്നോർത്താണ് . കാരണം ടീച്ചർ മറ്റു ഡിവിഷനുകൾ ഞങ്ങളെപ്പറ്റി പറയാറുണ്ടായിരുന്നു. എന്നാൽ ടീച്ചർക്ക് ഒരു വിഷമവും ഇല്ലായിരുന്നു. എന്നെ ചേർത്തു പിടിച്ചിട്ട് പോട്ടെ... സാരമില്ല.... എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചു. എന്നിട്ടും എന്റെ കരച്ചിലിനു ഒരു ശമനവുമില്ല. എന്നാലും ടീച്ചറുടെ മുഖം കാണുമ്പോൾ വീണ്ടും കരയാനും പറ്റുന്നില്ല.... അങ്ങനെ സുഖദുഃഖ സമ്മിശ്രമായ കാലം കടന്നുപോയി...

പിന്നീടങ്ങോട്ടുള്ള  വർഷങ്ങളോളം തല്ലിയും നുള്ളിയും കെട്ടിപിടിച്ചും സ്വയം കരഞ്ഞു ശകാരിച്ചും കുരുത്തക്കേടുകൾക്ക് മൗന സമ്മതം തന്ന് കണ്ണിറുക്കി കൂടെനിന്ന് ചേർത്തുനിർത്തിയ ഒരുപാട് നല്ല അധ്യാപകർ...പാഠഭാഗങ്ങൾക്കുപരി ജീവിതപാഠങ്ങൾ  പകർന്നുതന്ന് ചൂരലിൽ സ്നേഹമൊളിപ്പിച്ചവർ... ശകാരങ്ങളെ തരാട്ടുപാട്ടാക്കിയവർ...

ചേർത്തുനിർത്തുന്ന ചേർന്നിരിക്കപ്പെടുന്ന മനുഷ്യരാൽ മൂടപ്പെട്ട ഒട്ടനവധി എണ്ണിയാൽ ഒടുങ്ങാത്ത ദിനരാത്രങ്ങൾ.. First Day തിരിഞ്ഞുനോക്കി വിതുമ്പിക്കൊണ്ട് പടിയിറങ്ങിയ എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നല്ല ഓർമ്മകൾ തന്ന് വിദ്യാഭ്യാസ കാലഘട്ടം അത്രയേറെ മനോഹരമാക്കി തീർത്ത ഒട്ടനവധി അധ്യാപകർ... എണ്ണിയാൽ ഒടുങ്ങാത്ത നക്ഷത്രങ്ങളെപ്പോലെ എന്നും പുഞ്ചിരി തൂകി നിന്നുകൊണ്ട് ജീവിതത്തിന്റെ മനോഹാരിത കാട്ടിത്തന്ന ഒരുപിടി നല്ല മനുഷ്യർ... 12 വർഷത്തെ വിദ്യാഭ്യാസ കാലഘട്ടം അവസാനിക്കാറായ ഈ അന്ത്യനാളുകളിലും അത്തരക്കാരോടുള്ള ഇഷ്ടം കാലം കടന്നു പോകുന്തോറും കൂടിവരുന്നപോലെ.....


എന്റെ ജീവിതത്തിലെ നല്ല ഭാഗങ്ങൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്ന ഒരുപറ്റം നല്ല അധ്യാപകർക്ക് അധ്യാപക ദിനാശംസകൾ 💗
നിങ്ങളുടെ ചിന്തകളാണ് എന്റെ പ്രചോദനം.
നിങ്ങളുടെ വിവേകമാണ് എന്റെ
വിജ്ഞാനം.
നിങ്ങളുടെ ദർശനമാണ് എന്റെ മന്ത്രം.
നിങ്ങളുടെ ശിക്ഷണമാണ് ഞാൻ പിന്തുടരുന്നത്.....

💗🍃

Comments

Popular posts from this blog

MAY I COME IN SIR

💭